നൂറുൽ ഇർഫാൻ · ജൂലൈ 2026
ജീവചരിത്രം · നബി (സ്വ) കുട്ടികളോടൊപ്പം (26)

മദീനയിൽ ജനിച്ച ആദ്യ പുത്രൻ

The First Son Born in Madinah
റിയാസ് ഫൈസി വെള്ളിലപേജ് 28–292 മിനിറ്റ് വായന
മദീനയിലെ ഹിജ്റയ്ക്കുശേഷമുള്ള അബ്ദുല്ലാഹിബ്നു സുബൈറിന്റെ ജനനവും പ്രവാചക സാന്നിധ്യവും ബാല്യത്തിലെ ധൈര്യവും അവതരിപ്പിക്കുന്ന കുട്ടികൾക്കായുള്ള ചരിത്രലേഖനം.

ഗർഭസ്ഥശിശുവായത് മുതൽ ഹജ്ജാജിന്റെ ക്രൂരകൃത്യത്തിന് വിധേയനായി രക്തസാക്ഷിയാവുന്നത് വരെ തീക്ഷ്ണമായ ജീവിത പാഠങ്ങളാണ്. അബ്ദുല്ലാഹി ബ്നു സുബൈർ (റ) നുള്ളത്. നബി (സ്വ)യുടെ അമ്മായി സ്വഫിയ്യ ബീവിയുടെ പുത്രൻ സുബൈർ (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്നു സുബൈർ (റ), നബി (സ്വ)യുടെ പ്രിയ പത്നി ആഇശ (റ)യുടെ സഹോദരി അസ്മാ (റ)യുടെ പുത്രനുമാണ്.

അബ്ദുല്ല (റ) നെ ഗർഭം ധരിച്ചത് മുതൽ വിശ്വാസികൾക്കിടയിൽ ഊഹാപോഹം നിലനിന്നിരുന്നു. വിശ്വാസികളായ സ്ത്രീകളെ ഏറെ ആശങ്കയിലാക്കിയിരുന്ന വാർത്തയായിരുന്നു അത്. മാരണത്തിലും ആഭിചാരത്തിലും വിദഗ്ധരായ ജൂതന്മാർ മുസ്‌ലിം സ്ത്രീകൾ വന്ധ്യതയുള്ളവരാവാനും പ്രസവിക്കാതിരിക്കാനും ആഭിചാരം ചെയ്തിട്ടുണ്ടെന്നായിരുന്നു ആ വാർത്ത.

നബി (സ്വ) യോടൊപ്പം മദീനയിലേക്ക് പലായനം ചെയ്ത അസ്മാഅ് (റ) പൂർണ്ണ ഗർഭിണിയായിരുന്നു. പ്രവാചക പത്നി ആഇശ (റ) യുടെ സഹോദരിയാണല്ലോ അസ്മാഅ് (റ). സത്യവിശ്വാസികളായ സ്ത്രീകളെല്ലാം പ്രാർത്ഥനയിൽ ജീവിതം കഴിച്ചുകൂട്ടി. ഓരോ ദിവസവും അസ്മായുടെ ഗർഭാവസ്ഥ അവർ ചോദിച്ചറിഞ്ഞു. കുഞ്ഞ് പിറന്നാലും ചാപിള്ളയായവുമോ എന്നവർ ഭയപ്പെട്ട നാളുകളായിരുന്നു അത്.

എന്നാൽ അസ്മാ (റ) പ്രസവിച്ചുവെന്ന സന്തോഷവാർത്ത നിമിഷങ്ങൾക്കകം എല്ലാവരുടെയും കാതുകളിലുമെത്തി. പലായന ശേഷം മദീനയിൽ പിറന്ന ആദ്യത്തെ കൺമണിയായി ആൺകുഞ്ഞിനെ അസ്മാ (റ) പ്രസവിച്ചിരിക്കുന്നു. അവർ തക്ബീർ ചൊല്ലിയാണ് ഈ സന്തോഷത്തിന് നന്ദി അറിയിച്ചത്. ജൂത തന്ത്രങ്ങളെല്ലാം പ്രാർത്ഥനകൾക്ക് മുന്നിൽ വിഫലമായി.

ധീരനായ അബ്ദുല്ലാഹിബ്നു സുബൈർ (റ)

അസ്മാ (റ) തന്റെ ലക്ഷണമൊത്ത നവജാത ശിശുവിനെ എടുത്ത് കുട്ടിയുടെ പിതാമഹൻ അബൂബക്കർ സിദ്ദീഖ് (റ) നബി (സ്വ)യുടെ സവിധത്തിലേക്ക് പോയി. കുഞ്ഞിനെ മടിയിൽ വെച്ച് ബറകത്തിനായി പ്രാർത്ഥിച്ച് കാരക്ക ചവച്ച് മധുരം നൽകി. അബ്ദുല്ലയുടെ വയറ്റിൽ ആദ്യമെത്തിയത് പ്രവാചകരുടെ തുപ്പുനീർ കലർന്ന ഈത്തപ്പഴ മധുരമായിരുന്നു. ശേഷം കുഞ്ഞിന് അബ്ദുല്ലാ എന്ന് പേരും നൽകി. പിതാവ് സുബൈർ (റ)നെ പോലെ ധീരനായിരുന്നു അബ്ദുല്ല (റ).

ഒരിക്കൽ ഉമർ(റ) മദീനയിലൂടെ നടന്നുവരികയായിരുന്നു. ഉമറിന്റെ കാൽപെരുമാറ്റം പോലും എല്ലാവർക്കും ഭയമാണ്. ഭയപ്പെടാൻ കാരണമൊന്നും വേണ്ട. സ്നേഹനിധിയാണെങ്കിൽ ആ മുഖം ആദരബഹുമാനം കൊണ്ട് കുനിഞ്ഞ് പോവാറാണ് പതിവ്. ഉമർ(റ) അത് വഴി വരുമ്പോൾ കുട്ടികളെല്ലാം മൈതാനിയിൽ കളിക്കുകയായിരുന്നു. ആർപ്പും വിളിയുമായി കളി അരങ്ങേറുമ്പോഴാണ് ഉമർ (റ) അത് വഴി വന്നത്. അദ്ദേഹത്തെ കണ്ട പാടെ കുട്ടികളെല്ലാം ഓടിയൊളിച്ചു. എന്നാൽ കളിയിലാരംഗമായിരുന്ന അബ്ദുല്ല (റ) മാത്രം ഓടിയില്ല. തന്നെ കണ്ടിട്ടും കൂസലന്യേ നിൽക്കുന്ന അബ്ദുല്ലയെ ഉമർ (റ) ന് പരിചയമില്ല. അബ്ദുല്ലയെ വിളിച്ചു ചോദിച്ചു. മോന്റെ പേരെന്താണ്?

അദ്ദേഹം പറഞ്ഞു: അബ്ദുല്ല.

ഉമർ(റ) ചോദിച്ചു. നിന്റെ പിതാവിന്റെ പേരെന്ത്?

പിതാവ് സുബൈർ. അതായത് അബൂബക്കർ സിദ്ദീഖ് (റ) ന്റെ പുത്രിയുടെ ഭർത്താവ്. കുട്ടി കൂസലന്യേ മറുപടി നൽകി. ഉമർ(റ) പറഞ്ഞു. അല്ലാഹു ബറകത്ത് ചെയ്യട്ടെ മോനേ. എന്നാലും നിന്റെ കൂട്ടുകാർ ഓടിരക്ഷപ്പെട്ടപ്പോൾ നീ മാത്രം ഇവിടെ നിന്നതെന്താ?

അബ്ദുല്ല: ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിന് ഓടിമറയണം?. ഉമർ(റ) ന് കുട്ടിയുടെ മറുപടി കേട്ട് കൗതുകമായി. അബ്ദുല്ലയുടെ തോളിൽ തലോടി ഉമർ (റ) പറഞ്ഞു: ഇസ്‌ലാമിലേക്ക് ധൈര്യപൂർവ്വം കടന്നുവന്ന സുബൈറിന്റെ മോനല്ലേ നീ. പിതാവിന്റെ ശിക്ഷണമാണ് നിനക്ക് ധൈര്യവും വയസ്സിനേക്കാൾ മികച്ച പക്വതയും പകർന്നു തന്നത്.

ഹിജാസ്, ഈജിപ്ത്, യമൻ, ഇറാഖ്, ഖുറാസാൻ, ശാം എന്നിവിടങ്ങളിൽ ഒമ്പത് വർഷത്തിലധികം അബ്ദുല്ലാഹിബ്നു സുബൈർ (റ) ഭരണം നടത്തിയിരുന്നു. ഒടുവിൽ മക്കയിൽ വെച്ച് ഹജ്ജാജുബ്നു യൂസുഫാണ് മഹാനവർകളെ വധിച്ചത്.

  • #Abdullah_ibn_al_Zubayr
  • #Madinah
  • #children
  • #Islamic_history
  • #courage
അച്ചടി പതിപ്പിൽ വായിക്കുകPDF · പേജ് 28–29