കണ്ണുനീരിൽ കുതിർന്ന സ്വർഗവാതിലുകൾ
ഈ ലോകത്ത് അല്ലാഹു മനുഷ്യന് നൽകിയ ഏറ്റവും വലിയ ദൃശ്യമായ ദൃഷ്ടാന്തങ്ങളാണ് മാതാപിതാക്കൾ. ഒരാൾ അല്ലാഹുവിനെ കാണുന്നില്ലെങ്കിൽ, തന്റെ മാതാപിതാക്കളുടെ കണ്ണുകളിലേക്ക് നോക്കിയാൽ മതി; അവിടെ അവൻ കാണുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ (റഹ്മത്ത്) ഒരു അംശമാണ്. പക്ഷേ, നിർഭാഗ്യവശാൽ ഇന്ന് പല വീടുകളിലും ആ കാരുണ്യത്തിന്റെ ഉറവിടങ്ങൾ കണ്ണുനീരിൽ മുങ്ങിക്കിടക്കുകയാണ്.
ഉമ്മയേക്കാൾ വലിയൊരു അത്ഭുതം ഈ ഭൂമിയിലില്ല. ഒൻപത് മാസത്തോളം സ്വന്തം ജീവൻ വക വെക്കാതെ മറ്റൊരു ജീവനെ ഉള്ളിൽ ചുമക്കുമ്പോൾ ഉമ്മ അനുഭവിച്ച ശാരീരിക വേദനയേക്കാൾ വലുതായിരുന്നു ആ കുഞ്ഞിനെ കാണാനുള്ള അവളുടെ കൊതി. പ്രസവവേദനയെന്നത് മരണത്തോളം എത്തുന്ന ഒന്നാണ്. ഓരോ ഉമ്മയും മക്കൾക്ക് ജന്മം നൽകുന്നത് തന്റെ ജീവൻ പണയം വെച്ചുകൊണ്ടാണ്.
നമ്മുടെ ഓരോ ശ്വാസത്തിലും ഉമ്മയുടെ അധ്വാനമുണ്ട്. നമ്മൾ ഒന്നു തുമ്മിയാൽ മതി, ഉമ്മയുടെ പ്രാർത്ഥനകൾ അർശിലേക്ക് ഉയരാൻ. ലോകം മുഴുവൻ നമ്മെ കുറ്റപ്പെടുത്തിയാലും, ‘എന്റെ മകൻ അങ്ങനെയല്ല’ എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ ആ ഉമ്മയേ ഉണ്ടാകൂ. പക്ഷേ, ഇന്ന് കാലം മാറിയിരിക്കുന്നു. മക്കൾക്ക് വലുപ്പം കൂടുമ്പോൾ ഉമ്മയുടെ സ്നേഹം അവർക്ക് ഭാരമായി മാറുന്നു. ആ കൈകൾ ചുക്കിച്ചുളിയുമ്പോൾ, അവരെ തൊടാൻ മക്കൾക്ക് അറപ്പാണ്. പണ്ട് ആ മാറിൽ മുഖം അമർത്തി ഉറങ്ങിയ മക്കൾ, ഇന്ന് അവരെ വൃദ്ധസദനത്തിന്റെ വരാന്തയിൽ തള്ളുമ്പോൾ മറന്നുപോകുന്നത് തന്റെ ആത്മാവിന്റെ പാതിയാണ്.
പലപ്പോഴും ബാപ്പമാർ സ്നേഹം പുറത്തു കാണിക്കാറില്ല. ഒരു വീടിന്റെ അടിത്തറ പോലെയാണവർ; ആരും കാണില്ല, പക്ഷേ വീടിനെ താങ്ങിനിർത്തുന്നത് അവരാണ്. ചുട്ടുപൊള്ളുന്ന വെയിലിൽ, മറുനാടുകളിലെ മരുഭൂമികളിൽ, പട്ടിണി കിടന്നും അവർ പണിയെടുത്തത് തന്റെ മക്കൾക്ക് ഒരു നല്ല ഉടുപ്പും നല്ല ഭക്ഷണവും നൽകാനാണ്. സ്വന്തം ചെരിപ്പ് തുന്നിക്കൂട്ടി നടന്ന ബാപ്പ, മക്കൾക്ക് വിലകൂടിയ ഷൂസുകൾ വാങ്ങി നൽകി.
ഇന്ന് ആ ബാപ്പയുടെ നടുവൊടിയുമ്പോൾ, ശബ്ദം ഇടറുമ്പോൾ, മക്കൾക്ക് അദ്ദേഹത്തോട് സംസാരിക്കാൻ സമയമില്ല. ‘പഴയ കാര്യങ്ങൾ പറഞ്ഞു വെറുപ്പിക്കല്ലേ ബാപ്പ’ എന്ന് ഒരു മക്കൾ പറയുമ്പോൾ തകരുന്നത് ഒരു മനുഷ്യന്റെ ആയുഷ്കാലത്തെ മുഴുവൻ അധ്വാനമാണ്. ഒരു തുള്ളി വിയർപ്പിന് പകരം നൽകാൻ ഈ ഭൂമിയിലെ മുഴുവൻ സമ്പത്ത് നൽകിയാലും നമുക്ക് കഴിയില്ല എന്ന സത്യം നാം മറക്കരുത്.
നമ്മുടെ ബാപ്പമാർ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവരാകാം. പക്ഷേ, കത്തുന്ന വെയിലിൽ കഠിനമായി പണിയെടുത്ത് വൈകുന്നേരം വീട്ടിലേക്ക് വരുമ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന ആ ചെറിയ മിഠായിപ്പൊതിയിൽ ഒരു ലോകത്തിന്റെ മുഴുവൻ കരുതലുണ്ടായിരുന്നു. സ്വന്തം ഷർട്ട് കീറിയാലും മക്കൾക്ക് പെരുന്നാളിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങി നൽകിയ ആ വലിയ മനുഷ്യൻ, ഇന്ന് വാർദ്ധക്യത്തിൽ നിസ്സഹായനായി മൂലയിൽ ഇരിക്കുമ്പോൾ നാം അദ്ദേഹത്തെ ‘ഭാരം’ എന്ന് വിളിക്കുന്നു.
ഒരു സംഭവമുണ്ട്: പ്രായമായ ഒരു ഉപ്പ മകനോട് ചോദിച്ചു, ‘മോനേ, ആ ഇരിക്കുന്നത് കാക്കയാണോ?’ മകൻ പറഞ്ഞു ‘അതെ’. ഉപ്പ വീണ്ടും ചോദിച്ചു ‘അതെന്താണ് മോനേ?’ മകൻ ദേഷ്യപ്പെട്ടു: ‘അത് കാക്കയാണെന്ന് ഞാൻ പറഞ്ഞില്ലേ!’ അപ്പോൾ ആ ഉപ്പ തന്റെ പഴയ ഡയറി എടുത്തു കാണിച്ചു. അതിൽ അദ്ദേഹം എഴുതിയിരുന്നു: ‘ഇന്ന് എന്റെ കുഞ്ഞുമകൻ ഇരുപത് തവണ ചോദിച്ചു അതെന്താണെന്ന്. ഇരുപത് തവണയും ഞാൻ അവനെ ചുംബിച്ചുകൊണ്ട് പറഞ്ഞു, അത് കാക്കയാണ് മോനേ എന്ന്.’
നമ്മൾ കുഞ്ഞായിരുന്നപ്പോൾ അവർ കാണിച്ച ആ ക്ഷമയുടെ നൂറിലൊന്ന് ഇന്ന് അവർക്ക് തിരിച്ചുനൽകാൻ നമുക്ക് കഴിയുന്നുണ്ടോ?
മാതാപിതാക്കളെ വേദനിപ്പിക്കുന്നവർക്ക് ഇഹലോകത്തും സമാധാനം ലഭിക്കില്ല എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ പ്രീതി മാതാപിതാക്കളുടെ പ്രീതിയിലാണ്. അവരോട് ‘ഛെ’ എന്ന് പോലും പറയാൻ പാടില്ലാത്ത വിധം ആദരിക്കപ്പെടേണ്ടവരാണ്.
ചിന്തിച്ചു നോക്കൂ... ഒരു ഉമ്മയുടെ കണ്ണുനീർ ഭൂമിയിൽ വീഴുമ്പോൾ അല്ലാഹുവിന്റെ സിംഹാസനം നടുങ്ങും. ആ കണ്ണീർ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബറക്കത്തുകളെയും നശിപ്പിച്ചു കളയാൻ പര്യാപ്തമാണ്. മക്കൾക്ക് എത്ര പണമുണ്ടായാലും, എത്ര വലിയ നിലയിൽ എത്തിയാലും, വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ ഹൃദയം വേദനിക്കുന്നുണ്ടെങ്കിൽ ആ സൗഭാഗ്യമൊന്നും നിങ്ങൾക്ക് ഗുണം ചെയ്യില്ല.
വാർദ്ധക്യത്തിൽ അവർക്ക് വേണ്ടത് നിങ്ങളുടെ വലിയ വീടുകളോ ആഡംബര കാറുകളോ അല്ല. അവർക്ക് വേണ്ടത് നിങ്ങളുടെ സ്നേഹമാണ്.
‘ഉമ്മാ, ഇന്ന് എന്ത് കറിയാണ് വെച്ചത്?’ എന്നൊരു ചോദ്യം.
ബാപ്പയുടെ തോളിൽ കൈവെച്ച് ‘നമുക്കൊന്ന് പുറത്തു പോയാലോ?’ എന്നൊരു ക്ഷണം.
അസുഖമായി കിടക്കുമ്പോൾ ഒരു തുള്ളി വെള്ളം സ്നേഹത്തോടെ നൽകുന്ന ആ കൈ.
ഇതിനേക്കാൾ വലിയൊരു പ്രതിഫലം (സവാബ്) വേറെയില്ല. സ്വർഗ്ഗം നിങ്ങളുടെ കാൽച്ചുവട്ടിലുണ്ട് എന്ന് നബി(സ്വ) പഠിപ്പിച്ചത് വെറുതെയല്ല. സ്വന്തം വീട്ടിൽ സ്വർഗ്ഗവാതിൽ തുറന്നു കിടക്കുമ്പോൾ അത് ചവിട്ടിത്തുറന്ന് നരകത്തിലേക്ക് പോകുന്നവരാണ് നന്ദികെട്ട മക്കൾ.
നിങ്ങൾ ഇന്ന് നിങ്ങളുടെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവോ, നാളെ നിങ്ങളുടെ മക്കൾ നിങ്ങളോടും അങ്ങനെ തന്നെ പെരുമാറും എന്നത് പ്രകൃതി നിയമമാണ്. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഒരു ബാധ്യതയല്ല, അതൊരു ഭാഗ്യമാണ്.
പ്രിയപ്പെട്ട മക്കളേ,
നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഭാഗ്യം ചെയ്തവരാണ് നിങ്ങൾ. ഈ നിമിഷം അവരെ ചെന്നു കെട്ടിപ്പിടിക്കൂ. അവരുടെ ആ ചുക്കിച്ചുളിഞ്ഞ കൈകളിൽ ഉമ്മ വെക്കൂ. പണ്ട് അവർ നിങ്ങളെ സ്നേഹിച്ചതിനേക്കാൾ ഇരട്ടി സ്നേഹം അവർക്ക് നൽകൂ. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരുന്നത് സങ്കടം കൊണ്ടാവരുത്, മറിച്ച് മകന്റെ/മകളുടെ കരുതൽ കണ്ടുള്ള സന്തോഷം കൊണ്ടാവണം.
ഇന്നും നിങ്ങളുടെ ഉമ്മയോ ബാപ്പയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. ഈ നിമിഷം അവരെ പോയി കാണൂ. ആ കൈകൾ പിടിച്ചു മാപ്പു ചോദിക്കൂ. അവർക്ക് വേണ്ടി അല്ലാഹുവിനോട് ഇരക്കൂ:
‘നാഥാ, എന്റെ കുഞ്ഞുനാളിൽ അവർ എന്നെ സ്നേഹത്തോടെ പോറ്റിവളർത്തിയതുപോലെ നീ അവർക്ക് കരുണ നൽകേണമേ...’
(رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا).
മാതാപിതാക്കളുടെ ശാപം വാങ്ങരുത്, പകരം അവരുടെ പുഞ്ചിരി വാങ്ങൂ. ആ പുഞ്ചിരിയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിധി. കരഞ്ഞ കണ്ണുകൾക്ക് മുന്നിൽ നിന്ന് നാളെ നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ഓർക്കുക, സ്വർഗ്ഗത്തിലേക്കുള്ള വഴി നിങ്ങളുടെ വീടിന്റെ ഉള്ളിൽ തന്നെയാണ്.
മനുഷ്യൻ ഈ ലോകത്ത് സമ്പാദിക്കുന്നതൊന്നും കൂടെ വരില്ലെന്നറിയുമ്പോഴും അവൻ ഓടിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ആ ഓട്ടത്തിനിടയിൽ അവർ ചവിട്ടിമെതിക്കുന്നത് സ്വന്തം സ്വർഗ്ഗത്തെയാണെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല. മാതാപിതാക്കൾ എന്ന നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ‘ബറക്കത്ത്’ ഇന്ന് പല വീടുകളിലും ശ്വാസം മുട്ടി കഴിയുന്ന കാഴ്ച ഏതൊരു ഹൃദയത്തെയാണ് വേദനിപ്പിക്കാത്തത്?
ഒരിക്കൽ ഒരു വൃദ്ധസദനത്തിന്റെ വരാന്തയിൽ മകനെ കാത്തിരിക്കുന്ന ഒരമ്മയോട് ഒരാൾ ചോദിച്ചു: ‘അമ്മേ, മകൻ വരുമെന്ന് ഉറപ്പുണ്ടോ?’ ആ അമ്മ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ‘അവൻ വരും, പണ്ട് സ്കൂളിൽ പോകുമ്പോൾ വൈകിയാലും അവൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുമായിരുന്നു. ഇന്ന് അവൻ വരും.’ പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും ആ മകൻ വന്നില്ല. മകന്റെ ഫോൺ നമ്പർ പോലും അന്ന് മാറിയിരുന്നു.
ചിന്തിച്ചു നോക്കൂ... പണ്ട് രാത്രിയിൽ നമുക്ക് പനിയായ് ശ്വാസംമുട്ടലോ വരുമ്പോൾ ഉറക്കമിളച്ചിരുന്ന് നമ്മുടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്ന ആ കൈകൾ ഇന്ന് തനിച്ചിരുന്ന് വിറയ്ക്കുകയാണ്. നമ്മൾ ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ മനമുരുകി കരഞ്ഞ ആ ഉമ്മയെ, ഇന്ന് സമയത്തിന് മരുന്നും ഭക്ഷണവും നൽകാതെ ഒറ്റപ്പെടുത്തുമ്പോൾ അല്ലാഹുവിന്റെ അർശ് നടുങ്ങുകയല്ലേ!
ഒരു പെൺകുട്ടി ജനിക്കുമ്പോൾ, ആ വീട്ടിൽ ജനിക്കുന്നത് ഒരു കുഞ്ഞ് മാത്രമല്ല... ഒരു ഉമ്മയുടെ പുതിയ ലോകവും, ഒരു ബാപ്പയുടെ പുതിയ സ്വപ്നവും കൂടിയാണ്. ആദ്യമായി അവളെ കൈകളിൽ വാങ്ങുമ്പോൾ ബാപ്പയുടെ കൈകൾ വിറയ്ക്കും. ഭയന്നിട്ടല്ല... അതിയായ സ്നേഹം കൊണ്ടാണ്. “ഇവൾക്ക് ഒരു പോറലുപോലും ഏൽക്കരുതേ...” എന്ന ദുആ കൊണ്ടാണ്. അന്നുമുതൽ ആ മനുഷ്യൻ ജീവിക്കുന്നത് തനിക്കുവേണ്ടിയല്ല. മകളുടെ ചിരിക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്ക് വേണ്ടിയാണ്. അവളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഉമ്മയോ... സ്വന്തം ഉറക്കങ്ങൾ ഉപേക്ഷിച്ച് അവളെ ഉറക്കി. സ്വന്തം വിശപ്പുകൾ മറച്ച് അവളെ തീറ്റിച്ചു. സ്വന്തം വേദനകൾ മൂടിവച്ച് അവളെ ചിരിപ്പിച്ചു. മകൾക്ക് പനി വന്ന രാത്രികളിൽ, ഉമ്മയുടെ ഹൃദയമാണ് കത്തിയത്. മകൾ വൈകി വീട്ടിലെത്തുമ്പോൾ, ബാപ്പയുടെ നെഞ്ചാണ് വിറച്ചത്.
ഇങ്ങനെ പതിനെട്ടും ഇരുപതും വർഷം ഹൃദയത്തിൽ ചേർത്ത് വളർത്തിയ മകളെ, ഒരു ദിവസം... ഇന്നോ ഇന്നലെയോ മാത്രം പരിചയപ്പെട്ട ഒരാളുടെ “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന ഒറ്റവാക്കിനുവേണ്ടി നഷ്ടപ്പെടുമ്പോൾ... ആ മാതാപിതാക്കളുടെ ഹൃദയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മോളേ... നിന്നെ ആദ്യമായി “മോളേ” എന്ന് വിളിച്ച ശബ്ദം നിന്റെ ബാപ്പയുടേതായിരുന്നു. നിന്റെ മുഖം കണ്ട് കരഞ്ഞ ആദ്യ മനുഷ്യൻ നിന്റെ ഉമ്മയായിരുന്നു. നീ വീഴാതിരിക്കാൻ കൈപിടിച്ചവർ, നീ കരയാതിരിക്കാൻ ദുആ ചെയ്തവർ, നീ സന്തോഷിക്കാനായി ജീവിതം മുഴുവൻ ഉരുകിയവർ അവർ തന്നെയായിരുന്നു. പക്ഷേ ഇന്ന്... ചില പെൺമക്കൾ, മധുരവാക്കുകളിൽ ചതി ഒളിപ്പിച്ച ഒരുവന്റെ പിന്നാലെ നടക്കുമ്പോൾ, സ്വന്തം വീടിന്റെ വാതിൽക്കൽ കരഞ്ഞുനിൽക്കുന്ന ഉമ്മയെ പോലും മറക്കുന്നു.
നീ വീടുവിട്ടിറങ്ങുന്ന ആ രാത്രിയിൽ, നിന്റെ ഉമ്മയുടെ ഹൃദയം പൊട്ടുന്ന ശബ്ദം നീ കേൾക്കില്ല. കാരണം അത് പുറത്തല്ല കരയുന്നത്. അകത്താണ് തകർന്നുവീഴുന്നത്. നിന്റെ ബാപ്പ... ആ രാത്രിയിൽ ഒരുപക്ഷേ സംസാരിക്കില്ല. പക്ഷേ, മകളുടെ മുറിയുടെ വാതിൽ തുറന്ന്, അവൾ ഇല്ലാത്ത കിടക്കയിലേക്ക് നോക്കി നിൽക്കുന്ന ആ മനുഷ്യന്റെ കണ്ണുകൾ... അവിടെ ഒരു കടൽ മുഴുവൻ കണ്ണുനീർ ഉണ്ടാകും. ലോകത്ത് ഏറ്റവും ഭയക്കേണ്ട കണ്ണുനീർ ഏതാണെന്ന് അറിയാമോ? നിസ്സഹായരായ മാതാപിതാക്കളുടെ കണ്ണുനീർ. കാരണം, അത് ശബ്ദമില്ലാതെ അർശിലേക്ക് ഉയരും. നിന്നെ നെഞ്ചിലേറ്റി നടന്ന ബാപ്പയുടെ കൈകൾ വിറയ്ക്കുമ്പോൾ, നിന്നെ പാലൂട്ടി വളർത്തിയ ഉമ്മ തലയിണ നനച്ച് കരയുമ്പോൾ, ആ വീട്ടിലെ ചുമരുകൾ പോലും നിന്നെ ശപിക്കും മോളേ...
ഒരു അപരിചിതൻ നിനക്ക് പൂക്കൾ തന്നേക്കാം. പക്ഷേ നിന്റെ ബാപ്പ നിനക്ക് ജീവിതം തന്നവനാണ്. ഒരു അന്യൻ നിന്നെ “സുന്ദരി” എന്ന് വിളിക്കാം. പക്ഷേ നിന്റെ ഉമ്മയാകും, നീ ജനിച്ച സമയം മുതൽ നിന്നെ സുന്ദരിക്കുട്ടി എന്ന് വിളിച്ചത്. നീ ജനിച്ച നിമിഷം മുതൽ നിന്നെ ഹൃദയത്തിൽ ചുംബിച്ചത്. മോഹത്തിന്റെ ഭാഷ വളരെ മധുരമാണ്. പക്ഷേ അതിന്റെ അവസാന അധ്യായങ്ങൾ പലപ്പോഴും കണ്ണുനീരാണ്. ഇന്ന് നിന്നെ സ്വർഗ്ഗം കാണിച്ചുകൊണ്ട് വിളിക്കുന്ന പലരും, നാളെ നിന്റെ കണ്ണുനീർ കാണാൻ പോലും തിരിഞ്ഞുനോക്കില്ല. ചരിത്രം സാക്ഷിയാണ്... വീടുവിട്ടിറങ്ങിയ എത്രയോ പെൺകുട്ടികൾ, മാസങ്ങൾക്കകം ഉപേക്ഷിക്കപ്പെട്ടു. ചിലർ തെരുവുകളിൽ അവസാനിച്ചു. ചിലർ ആശുപത്രികളിൽ. ചിലർ ജീവനോടെ മരിച്ചുജീവിച്ചു. അപ്പോൾ അവർക്ക് ഓർമ്മവന്നത് ആരെയാണെന്ന് അറിയാമോ? ഉമ്മയെ. ബാപ്പയെ. ആ പഴയ വീടിനെ. താൻ കോപത്തോടെ അടച്ചിറങ്ങിയ ആ വാതിലിനെ.
പക്ഷേ, എല്ലാ തിരിച്ചുവരവുകളും സ്വീകരിക്കപ്പെടണമെന്നില്ല. ചില ഉമ്മമാർ മക്കളുടെ വേദന സഹിക്കാതെ നേരത്തെ മണ്ണായിട്ടുണ്ടാകും. ചില ബാപ്പമാർ ഹൃദയം പൊട്ടി കിടപ്പിലായിട്ടുണ്ടാകും. അപ്പോൾ, ‘ഉമ്മാ...’ എന്ന് വിളിക്കുമ്പോൾ മറുപടി കിട്ടാതിരുന്നാൽ... ‘ബാപ്പാ...’ എന്ന് കരഞ്ഞപ്പോൾ ആ കൈ തലോടാൻ ഇല്ലാതിരുന്നാൽ... ആ വേദനയ്ക്ക് ഈ ലോകത്ത് മരുന്നില്ല. മോളേ... ഒരു നിമിഷത്തെ വികാരത്തിന് വേണ്ടി നിന്റെ ജീവിതം കത്തിച്ചുകളയരുത്. നിന്നെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ, നിന്നെ നിന്റെ ഉമ്മയിൽ നിന്നും ബാപ്പയിൽ നിന്നും അകറ്റില്ല. കാരണം സ്നേഹം വേർപ്പെടുത്തുന്നതല്ല... ചേർത്തുനിർത്തുന്നതാണ്. നിന്റെ ബാപ്പയുടെ വിയർപ്പിന്റെ മണം, ലോകത്തിലെ ഏത് സുഗന്ധത്തെക്കാളും പരിശുദ്ധമാണ്. നിന്റെ ഉമ്മയുടെ ദുആ, ലോകത്തിലെ ഏത് പ്രണയവാക്കിനേക്കാളും സത്യസന്ധമാണ്. ഓർക്കുക... നിന്റെ സ്വർഗ്ഗം ഒരു അന്യന്റെ കണ്ണുകളിലല്ല. അത് നിന്റെ വീട്ടിലെ ചെറിയ മുറിയിലാണ്. നിന്റെ ഉമ്മയുടെ കൈകളിലാണ്. നിന്റെ ബാപ്പയുടെ പ്രാർത്ഥനകളിലാണ്. ആ ഹൃദയങ്ങളെ തകർക്കരുത് മോളേ... കാരണം, മാതാപിതാക്കളുടെ കണ്ണുനീരിൽ കത്തിച്ച ജീവിതങ്ങൾക്ക്, ഈ ലോകം മുഴുവൻ ചേർന്നാലും വീണ്ടും വെളിച്ചം നൽകാൻ കഴിയില്ല... അല്ലാഹു മാതാപിതാക്കളുടെ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ!
- #parents
- #family
- #gratitude
- #elder_care
- #compassion