വിശുദ്ധ ഖുർആൻ: അക്ഷരങ്ങളിൽ നിന്ന് അനുഭൂതിയിലേക്കൊരു തീർത്ഥാടനം (3)
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
“സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും”
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യം എന്താണ്? നാം എവിടെ നിന്ന് വന്നു?, ആരുടെ സംരക്ഷണത്തിലാണ് ജീവിക്കുന്നത്?, ഒടുവിൽ ആരിലേക്കാണ് മടങ്ങിച്ചെല്ലുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധ ഖുർആൻ അതിന്റെ ആദ്യ സൂറത്തിലെ മേലുദ്ധരിച്ച വാക്യങ്ങൾ തന്നെ നൽകുന്നു.
വായിൽ ഉരുവിടാൻ ഏതാനും നിമിഷങ്ങൾ മാത്രം മതിയാകുന്ന ഈ ചെറിയ വാചകം, യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ മുഴുവൻ രഹസ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ദിവ്യപ്രഖ്യാപനമാണ്. ഇത് ഒരു സ്തുതിവാക്യം മാത്രമല്ല; അടിമയും അവന്റെ റബ്ബും തമ്മിലുള്ള നിത്യബന്ധത്തിന്റെ പ്രഖ്യാപനമാണ്. ഒരു വിശ്വാസിയുടെ ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ സത്യത്തിലാണ്.
മനുഷ്യൻ സ്വയം ശക്തനാണെന്ന് കരുതുന്നു. തന്റെ അറിവിലും സമ്പത്തിലും സ്ഥാനമാനങ്ങളിലും അവൻ അഭിമാനിക്കുന്നു. എന്നാൽ ഒരു നിമിഷം ചിന്തിച്ചാൽ അവൻ തിരിച്ചറിയും: ഹൃദയമിടിപ്പ് പോലും തന്റെ കൈയിലല്ലെന്ന്. ശ്വാസം പോലും സ്വന്തമല്ലെന്ന്. അപ്പോൾ അവന്റെ ഹൃദയത്തിൽ നിന്ന് സ്വാഭാവികമായി ഉയരുന്ന സത്യമാണ് ‘അൽഹംദുലില്ലാഹ്’.
ഹംദ് എന്നത് വെറും സ്തുതി പ്രകടനമല്ല. ലഭിച്ച അനുഗ്രഹങ്ങൾക്ക് പകരമായി പറയുന്ന നന്ദിയേക്കാൾ വിശാലമാണ് അത്. ഒരാളുടെ സൗന്ദര്യത്തെയോ കഴിവിനെയോ പ്രശംസിക്കുന്നതിനേക്കാൾ ആഴമേറിയതുമാണ്. അല്ലാഹുവിന്റെ സമ്പൂർണ്ണതയെയും മഹത്വത്തെയും കാരുണ്യത്തെയും ഒരേസമയം അംഗീകരിച്ചുകൊണ്ടുള്ള സമർപ്പണമാണ് ഹംദ്.
അതുകൊണ്ടാണ് ഖുർആൻ ‘അൽഹംദു’ എന്ന് പറഞ്ഞത്. എല്ലാ സ്തുതികളും, എല്ലാ പ്രശംസകളും, എല്ലാ മഹത്വപ്രഖ്യാപനങ്ങളും ഒടുവിൽ ഒരേയൊരു സത്യത്തിലേക്ക് മടങ്ങിച്ചെല്ലുന്നു, അല്ലാഹുവിലേക്ക്. കാരണം ലോകത്തിൽ കാണുന്ന എല്ലാ സൗന്ദര്യവും അവന്റെ സൗന്ദര്യത്തിന്റെ പ്രതിഫലനമാണ്. എല്ലാ നന്മകളും അവന്റെ ഔദാര്യത്തിന്റെ അടയാളങ്ങളാണ്. എല്ലാ അനുഗ്രഹങ്ങളും അവന്റെ കരുണയുടെ പ്രവാഹമാണ്.
ഈ സ്തുതിയുടെ കേന്ദ്രബിന്ദുവാണ് ‘റബ്ബിൽ ആലമീൻ’ എന്ന വിശേഷണം. റബ്ബ് എന്നത് കേവലം സ്രഷ്ടാവ് എന്ന അർത്ഥത്തിൽ ഒതുങ്ങുന്നില്ല. സൃഷ്ടിച്ച് ഉപേക്ഷിക്കുന്നവനല്ല റബ്ബ്. സൃഷ്ടിച്ച് പരിപാലിക്കുന്നവനും വളർത്തുന്നവനും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നവനുമാണ് റബ്ബ്. വിത്തിനെ വൃക്ഷമാക്കുന്നതും ശിശുവിനെ യുവാവാക്കുന്നതും അജ്ഞതയെ ജ്ഞാനമാക്കുന്നതും എല്ലാം അവന്റെ റുബൂബിയ്യത്തിന്റെ പ്രകടനങ്ങളാണ്.
ഈ പ്രപഞ്ചം മുഴുവൻ അവന്റെ പരിപാലനത്തിന്റെ സാക്ഷ്യമാണ്. അനന്തമായ ആകാശഗംഗകളുടെ സഞ്ചാര പഥങ്ങൾ മുതൽ ഒരു കൊച്ചു ഉറുമ്പിന്റെ ആഹാരത്തിലേക്ക് വരെ ഒരേ കൈയാണ് പ്രവർത്തിക്കുന്നത്. ആർത്തലയ്ക്കുന്ന സമുദ്രത്തിലെ തിരമാലകളും വിശാലമായ മരുഭൂമിയിലെ ആരവവും മണൽത്തരികളും മനുഷ്യഹൃദയത്തിലെ നിഗൂഢമായ ചിന്തകൾ പോലും ആ റബ്ബിന്റെ മാത്രം നിയന്ത്രണത്തിലാണ്.
എന്നാൽ സൂഫിമാർ ഈ ആയത്തിന്റെ മറ്റൊരു ആഴം കാണിച്ചുതരുന്നു.
അവർ പറയുന്നു: ‘ആലമീൻ’ എന്ന് പറയുമ്പോൾ പുറംലോകങ്ങളെ മാത്രം മനസ്സിലാക്കരുത്. നിന്റെ ഉള്ളിലും അനേകം ലോകങ്ങളുണ്ട്: ശരീരത്തിന്റെ ലോകം, മനസ്സിന്റെ ലോകം, ആത്മാവിന്റെ ലോകം, ഹൃദയത്തിന്റെ ലോകം. ഇവയെല്ലാം പരിപാലിക്കുന്നതും ഒരേ റബ്ബാണ്.
ശരീരത്തെ ഭക്ഷണം കൊണ്ട് വളർത്തുന്നതുപോലെ ആത്മാവിനെ അവൻ മഅ്രിഫത്ത് കൊണ്ട് വളർത്തുന്നു. ഹൃദയത്തെ അവൻ സ്നേഹത്താൽ ശുദ്ധീകരിക്കുന്നു. പരീക്ഷണങ്ങളിലൂടെ പാകപ്പെടുത്തുന്നു. നഷ്ടങ്ങളിലൂടെ വിനയം പഠിപ്പിക്കുന്നു. കഷ്ടപ്പാടുകളിലൂടെ അവനെ തന്റെ അടുക്കലേക്ക് വിളിക്കുന്നു.
മഹത്തുക്കൾ വ്യക്തമാക്കുന്നതുപോലെ, ഹംദ് മൂന്ന് തലങ്ങളിലുണ്ട്: നാവുകൊണ്ടുള്ള ഹംദ്, ഹൃദയം കൊണ്ടുള്ള ഹംദ്, ജീവിതം കൊണ്ടുള്ള ഹംദ്.
ആദ്യത്തേത് എല്ലാവർക്കും സാധ്യമാണ്. രണ്ടാമത്തേത് ജ്ഞാനികൾക്കാണ്. മൂന്നാമത്തേത് അല്ലാഹുവിന്റെ പ്രത്യേക ദാസന്മാർക്കാണ്. അവരുടെ ജീവിതം തന്നെ ഒരു ‘അൽഹംദുലില്ലാഹ്’ (അല്ലാഹുവിനെ സ്തുതിക്കൽ) ആയി മാറുന്നു. അവരുടെ മൗനവും ഹംദാണ്. കണ്ണീരും ഹംദാണ്. സേവനവും ഹംദാണ്. ശ്വാസം പോലും ഹംദാണ്. അവിടെയാണ് ഹംദ് ഒരു വാക്കിൽ നിന്ന് ഒരു ആത്മീയാവസ്ഥയായി മാറുന്നത്.
മഹത്തുക്കൾ നമ്മെ മറ്റൊരു മഹത്തായ സത്യത്തിലേക്ക് നയിക്കുന്നു. അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുക എളുപ്പമാണ്. എന്നാൽ പരീക്ഷണങ്ങൾ വരുമ്പോഴും ‘അൽഹംദുലില്ലാഹ്’ എന്ന് പറയാൻ കഴിയുന്ന ഹൃദയമാണ് യഥാർത്ഥത്തിൽ റബ്ബിനെ തിരിച്ചറിഞ്ഞ ഹൃദയം.
കാരണം അവൻ അറിയുന്നു: തന്റെ റബ്ബ് ഒരിക്കലും അനീതി ചെയ്യില്ലെന്ന്. അവന്റെ എല്ലാ തീരുമാനങ്ങൾക്കും പിന്നിൽ കാരുണ്യമുണ്ടെന്ന്. കയ്പ്പുള്ള മരുന്ന് രോഗശാന്തിക്കുള്ളതുപോലെ ചില പരീക്ഷണങ്ങൾ ആത്മാവിന്റെ വളർച്ചയ്ക്കാണ്.
അങ്ങനെ നോക്കുമ്പോൾ ‘الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ’ എന്നത് ഒരു ആയത്ത് മാത്രമല്ല; ഒരു ജീവിതദർശനമാണ്. ഓരോ അനുഗ്രഹത്തിലും അല്ലാഹുവിനെ കാണുന്ന ദർശനവും ഓരോ പരീക്ഷണത്തിലും അവന്റെ ഹിക്മത്ത് തിരിച്ചറിയുന്ന ഉൾക്കാഴ്ചയുമാണ് അത്.
ഒരു വിശ്വാസി ഈ വാക്യം ഹൃദയത്തോടെ വായിക്കുന്ന നിമിഷം, പ്രപഞ്ചം അവന് പുതിയ അർത്ഥങ്ങൾ നൽകിത്തുടങ്ങുന്നു. ഓരോ പുഷ്പവും ഒരു ഹംദായി മാറുന്നു. ഓരോ മഴത്തുള്ളിയും ഒരു ഹംദായി മാറുന്നു. ഓരോ ശ്വാസവും ഒരു ഹംദായി മാറുന്നു. അപ്പോൾ അവൻ മനസ്സിലാക്കുന്നു, ജീവിതത്തിന്റെ ലക്ഷ്യം ലോകത്തെ സ്വന്തമാക്കലല്ല; ലോകങ്ങളുടെ റബ്ബിനെ തിരിച്ചറിയലാണ്.
അതാണ് ഈ ആയത്തിന്റെ ആദ്യ പാഠം. അതാണ് ഹംദിന്റെ രഹസ്യം. അതാണ് ആത്മീയ യാത്രയുടെ ആരംഭവും പര്യവസാനവും.
മുനാജാത്തിന്റെ വാതിൽ തുറക്കുന്ന ‘الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ’
സൂഫി പാരമ്പര്യത്തിൽ ഫാതിഹ വെറുമൊരു സൂറത്തല്ല; അത് അടിമയും അവന്റെ റബ്ബും തമ്മിൽ നിരന്തരം നടക്കുന്ന ഒരു ദിവ്യസംഭാഷണമാണ്. ഇബ്നു അജീബ (റ) പറയുന്നു: ‘മുനാജാത്ത് എന്നത് പ്രിയതമനോടുള്ള രഹസ്യസംഭാഷണമാണ്’. അതുകൊണ്ട് ഒരു മുഅ്മിൻ ഫാതിഹ പാരായണം ചെയ്യുമ്പോൾ അവൻ കേവലം ഖുർആൻ വായിക്കുകയല്ല; തന്റെ റബ്ബിനോട് സംസാരിക്കുകയാണ്. അതേസമയം, അല്ലാഹു തന്റെ ഫള്ലും ഫത്ഹും കൊണ്ട് അവന്റെ ഹൃദയത്തോട് സംസാരിക്കുകയും ചെയ്യുന്നു.
അതിനാലാണ് നബി (സ്വ) പറഞ്ഞത്: ‘നിസ്കരിക്കുന്നവൻ തന്റെ റബ്ബിനോട് മുനാജാത്ത് നടത്തുകയാണ്. മറ്റൊരു ഹദീസുൽ ഖുദ്സിയിൽ അല്ലാഹു പറയുന്നു:
‘ഞാൻ നിസ്കാരത്തെ എനിക്കും എന്റെ അടിമയ്ക്കുമിടയിൽ വിഭജിച്ചിരിക്കുന്നു.’
അടിമ ‘الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ’ എന്നു പറയുമ്പോൾ, ആകാശങ്ങൾക്കുമപ്പുറത്ത് നിന്നൊരു മറുപടി അവനെ തേടിയെത്തുന്നു: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.’
‘الرَّحْمَٰنِ الرَّحِيمِ’ എന്നു പറയുമ്പോൾ: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.’
‘مَالِكِ يَوْمِ الدِّينِ’ എന്നു പറയുമ്പോൾ: ‘എന്റെ അടിമ എല്ലാ കാര്യങ്ങളും എന്നിലേക്ക് ഏൽപ്പിച്ചിരിക്കുന്നു.’
അങ്ങനെ ഓരോ ആയത്തും ഒരു അപേക്ഷ മാത്രമല്ല, ഒരു മറുപടിയുമാണ്. ഓരോ വാക്കും ഒരു വിളിയല്ല, ഒരു സ്വീകരണവുമാണ്. ഫാതിഹയുടെ തുടക്കം മുതൽ അവസാനം വരെ അടിമയും അവന്റെ റബ്ബും തമ്മിലുള്ള ഈ ദിവ്യസംഭാഷണം ഒഴുകിക്കൊണ്ടിരിക്കുന്നു.
ഈ രഹസ്യം തിരിച്ചറിയുന്നവന് ‘الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ’ ഒരു സാധാരണ വാക്യമല്ല. അത് അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്കുള്ള പ്രവേശനാനുമതിയാണ്. ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്ന ആദ്യ താക്കോലാണ്.
ഇമാം ജുനൈദ് (റ)യുടെ സദസ്സിൽ ഒരിക്കൽ ഒരാൾ ‘അൽഹംദുലില്ലാഹ്’ എന്ന് പറഞ്ഞു. എന്നാൽ ‘റബ്ബിൽ ആലമീൻ’ എന്നു തുടർന്നില്ല. അപ്പോൾ ജുനൈദ് (റ) സ്നേഹപൂർവ്വം പറഞ്ഞു: ‘സഹോദരാ, അതിനെ പൂർത്തിയാക്കുക’.
അയാൾ ചോദിച്ചു: ‘ലോകങ്ങൾക്ക് എന്ത് വിലയാണുള്ളത്? അല്ലാഹുവിന്റെ കൂടെ അവയെ പരാമർശിക്കേണ്ടതെന്തിന്?’
ജുനൈദ് (റ)യുടെ മറുപടി ആത്മീയതയുടെ ആഴങ്ങളിൽ നിന്നുള്ളതായിരുന്നു:
‘സഹോദരാ, പറയുക. കാരണം ഹാദിസ് (സൃഷ്ടി) ഖദീമിനോട് (അനാദിയായ അല്ലാഹുവിനോട്) ചേർക്കപ്പെടുമ്പോൾ സൃഷ്ടി മാഞ്ഞുപോകുന്നു; ശേഷിക്കുന്നത് ഖദീം മാത്രമാണ്.’ എത്ര ആഴമുള്ള വാക്കുകൾ!
സൂഫിമാർ ലോകത്തെ അല്ലാഹുവിൽ നിന്ന് വേറിട്ട ഒരു യാഥാർത്ഥ്യമായി കാണുന്നില്ല. ലോകം അവന്റെ റുബൂബിയ്യത്തിന്റെ കണ്ണാടിയാണ്. സൃഷ്ടികൾ അവന്റെ കഴിവിന്റെ തെളിവുകളാണ്. ആകാശങ്ങളും ഭൂമിയും അവന്റെ മഹത്വത്തിന്റെ അടയാളങ്ങളാണ്. അതിനാൽ ‘ആലമീൻ’ എന്ന് ഉച്ചരിക്കുമ്പോൾ സൃഷ്ടികളുടെ മഹത്വമല്ല വെളിവാകുന്നത്; അവയുടെ പിന്നിൽ നിൽക്കുന്ന റബ്ബിന്റെ മഹത്വമാണ് പ്രകാശിക്കുന്നത്.
(തുടരും)
- #Quran
- #Al-Fatihah
- #hamd
- #spirituality
- #Sufism