ദാമ്പത്യം: വൈബ് കൂടി യോജിക്കണം
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്ത് പെണ്ണ് കാണാൻ പോയി വന്നു. വിവാഹാലോചനയുടെ ഭാഗമായി പെണ്ണ് കണ്ടുവരുന്നവരോട് സാധാരണ ചോദിക്കാറുള്ള ചോദ്യം ഞാൻ ചോദിച്ചു: ‘എങ്ങനെയുണ്ട്? വിവാഹാലോചനയുമായി മുന്നോട്ട് പോവുകയല്ലേ?’
സുഹൃത്ത് പറഞ്ഞു: ‘ഇല്ല, ഇത് ഒഴിവാക്കുകയാണ്. വേറെ നോക്കാം.’
ഞാൻ ചോദിച്ചു: ‘എന്തുപറ്റി? പെണ്ണിനെ പറ്റിയില്ലേ? എന്താണ് പെണ്ണിന് കുറവ്?’ വീണ്ടും ഞാൻ ചോദിച്ചു: ‘നബി (സ്വ) പറഞ്ഞ നാലു കാര്യങ്ങളിൽ ഏതാണ് കുറവ്? സൗന്ദര്യം, കുലമഹിമ, ധനം, ദീൻ?’
ദീനി കാര്യത്തിൽ തൃപ്തിയാണെങ്കിൽ ബാക്കിയുള്ള കാര്യം അത്ര ഗൗരവത്തിൽ എടുക്കേണ്ട എന്ന നബി (സ്വ) യുടെ നിർദേശം ഞാൻ ഒന്നുകൂടി ഓർമ്മപ്പെടുത്തി. അപ്പോൾ ആ സ്നേഹിതൻ പറയുകയാണ്: ‘ഹദീസിൽ പറഞ്ഞ നാലു കാര്യങ്ങളും ആ പെൺകുട്ടിയിലുണ്ട്. നല്ല സൗന്ദര്യവും നല്ല കുടുംബവുമുണ്ട്. സാമ്പത്തിക സ്ഥിതി എന്താണെന്ന് പരിശോധിക്കുന്നില്ലെങ്കിലും ആവശ്യത്തിന് ആയിട്ടുണ്ട്. പിന്നെ ആ കുടുംബം നല്ല ദീനി ബോധവും ചിട്ടയും ഉള്ളവരാണ്.’
വീണ്ടും എനിക്ക് സംശയമായി. ഇതെല്ലാം ഒത്തിട്ടും പിന്നെ എന്താണ്? ‘നിങ്ങൾ ശാരീരികമായി യോജിപ്പ് കുറവ് വല്ലതും ഉണ്ടോ? പൊക്കം, വണ്ണം, അല്ലെങ്കിൽ യാത്രാക്ലേശം, വീട്, പരിസരം മുതലായ വല്ലതും അതൃപ്തികരമാണോ?’
ആ സ്നേഹിതൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അതൊന്നിലും ഒരു അതൃപ്തിയില്ല.’
എനിക്ക് അല്പം ദേഷ്യം വന്നു തുടങ്ങി. ഞാൻ ഉറക്കെ ചോദിച്ചു: ‘പിന്നെ എന്താണ് കാര്യം?’ അപ്പോഴാണ് അവൻ പറയുന്നത്: ‘എല്ലാം ഓക്കെയാണ്, പക്ഷേ ഞങ്ങൾ തമ്മിലുള്ള വൈബ് അങ്ങോട്ട് ഒക്കുന്നില്ല!’
ഞാൻ ഒരു നിമിഷം ഒന്ന് സ്തബ്ധനായി പോയി. ദാമ്പത്യ ജീവിതത്തിൽ അത്ര പ്രാധാന്യമുള്ളതാണോ ഈ വൈബ്?
അതെ, രണ്ടുപേർ ഒന്നിച്ച് ഒന്നായി മാറി ജീവിക്കുന്ന മനോഹരമായ ഒരു തീർത്ഥയാത്രയാണ് വിവാഹം. രണ്ടുപേർ മാത്രമല്ല, രണ്ട് കുടുംബങ്ങൾ, രണ്ട് പ്രദേശങ്ങൾ, രണ്ട് സംസ്കാരങ്ങൾ ഒരേ വീട്ടിൽ ഒന്നിച്ച് ഏറ്റുമുട്ടാതെയും തട്ടിമുട്ടാതെയും ജീവിക്കണം. അങ്ങനെ ഒന്നിക്കുമ്പോൾ രണ്ട് ആളുകളുടെയും യോജിക്കേണ്ട കാര്യങ്ങളെയാണ് നാം ‘കുഫ്വ്’ ഒക്കുക എന്ന നിലയിൽ മുമ്പ് വിശദീകരിച്ചിട്ടുള്ളത്. ദീനിയായും കുടുംബപരമായും സാംസ്കാരിക നിലവാരത്തിലും ഒക്കെ ഒരു യോജിപ്പ് ആവശ്യമായതുപോലെ, ഇപ്പോൾ വൈബിന്റെ കാലം ആയതിനാൽ രണ്ടുപേരുടെയും വൈബും യോജിക്കണം.
വൈബ് എന്നാൽ അനുഭൂതി എന്നും മാനസിക പൊരുത്തം എന്നുമൊക്കെ അർത്ഥം നൽകാം. വൈബ് ഒക്കുക എന്ന് പറഞ്ഞാൽ രണ്ടാളുകളുടെയും മാനസിക താല്പര്യങ്ങളും കാഴ്ചപ്പാടുകളും മാത്രമല്ല, ജീവിതരീതികളും പുതുതായിരിക്കുക എന്നതാണ്; ഒരേ മൂഡിൽ ചിന്തിക്കുന്നവർ, ജീവിക്കുന്നവർ എന്നർത്ഥം. മുമ്പ് അത്ര പ്രശ്നം അല്ലാതിരുന്ന ഈ വൈബ് പ്രശ്നം ഇപ്പോൾ ഉണ്ടാകാൻ കാരണം നമ്മുടെ ജീവിതത്തിലും കാഴ്ചപ്പാടിലും ഉണ്ടായ വലിയ മാറ്റങ്ങളാണ്. മുമ്പുള്ള ജീവിത സാഹചര്യങ്ങളും ജീവിത സ്വപ്നങ്ങളും ഏകദേശം ഒന്നായിരുന്നു. ഇന്ന് വളരെ പെട്ടെന്നാണ് തലമുറ മാറ്റം ഉണ്ടാകുന്നത്, അതിനനുസരിച്ച് കാഴ്ചപ്പാടുകളും ജീവിത രീതിയും മാറുന്നു.
ഇനി ഒരു തലമുറയിൽ പെട്ട ദമ്പതിമാരാണെങ്കിലും ചിലരുടേത് കഴിഞ്ഞ തലമുറയിലെ ജീവിത വീക്ഷണം ആയിരിക്കും. അതിനെ പുതിയ തലമുറ ‘തന്ത വൈബ്’ എന്ന് പറഞ്ഞ് ആക്ഷേപമായി കാണുന്നു. വൈബും തന്ത വൈബും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ദമ്പതിമാർക്കിടയിൽ മാത്രമല്ല, അധ്യാപക-വിദ്യാർത്ഥികൾക്കിടയിലും തൊഴിലിടങ്ങളിലും മറ്റും കാണാം.
പുതിയ വൈബ് സ്വാതന്ത്ര്യത്തിന്റേതാണ്; അനാവശ്യത്തിന്റെ ഒരു വാക്കുപോലും തന്ത വൈബാണ്.
വൈബ് വ്യക്തിത്വത്തിന്റേതാണ്; വ്യക്തിത്വത്തെ ഹനിക്കുന്ന ഒരു ചിന്ത പോലും തന്ത വൈബാണ്.
വൈബ് സത്യസന്ധതയാണ്; കപട്യത്തിന്റെ ഒരു കറുത്ത കുത്ത് പോലും തന്ത വൈബാണ്.
വിശേഷങ്ങളും മറ്റു സർപ്രൈസ് ആയിട്ടുള്ളവരെ അറിയിക്കും എന്നുള്ളത് വൈബ് ആണ്; പക്ഷേ, ‘ഞാൻ അത് അറിഞ്ഞില്ലല്ലോ, എന്നോട് പറഞ്ഞില്ലല്ലോ’ എന്ന് പറയുന്നത് തന്ത വൈബാണ്.
ആറ്റിറ്റ്യൂഡാണ് വൈബ്, അത് വെറും ശാരീരികമല്ല; അഡ്ജസ്റ്റ് ചെയ്ത് ജീവിക്കൽ തന്ത വൈബാണ്, പരസ്പരം ഉൾക്കൊള്ളലാണ് വൈബ്.
പുതിയ തലമുറയുടെ ഈ വൈബിനെ വിമർശിക്കുകയല്ല വേണ്ടത്. അങ്ങനെയെങ്കിലും ദീനിനുവിരുദ്ധമല്ലാത്ത എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകലാണ് ബുദ്ധി. പുതിയ തലമുറയെ പഴയ രീതിക്ക് വലിച്ചുകയറ്റുന്നതിനേക്കാൾ എളുപ്പമാണ് അവരുടെ സുഖമായ ഒഴുക്കിലേക്ക് ഇറങ്ങിച്ചെല്ലൽ. അതുകൊണ്ട് സുഖമായ ദാമ്പത്യജീവിതത്തിന് എളുപ്പമുള്ള മാർഗ്ഗം, തന്ത വൈബ് ഉള്ളവർ അത് മാറ്റിവെച്ച് വൈബിലേക്ക് ഒഴുകി എത്തലാണ്.
ദമ്പതിമാർ തമ്മിൽ വൈബ് ഒത്താലും മറ്റു കുടുംബാംഗങ്ങളുടെ വൈബും യോജിക്കേണ്ടതുണ്ട്. ഇനി അത് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പരസ്പരം ഉൾക്കൊള്ളാനും, തങ്ങളുടേത് രണ്ട് രീതിയാണെന്നും അത് അതിന്റെ വഴിക്ക് വിടലാണ് ശാന്തമായ കുടുംബ ജീവിതത്തിന് നല്ലതെന്നും മനസ്സിലാക്കാൻ സാധിക്കണം. ഇപ്പോൾ കുടുംബ പ്രശ്നങ്ങളിൽ മധ്യസ്ഥതയ്ക്ക് പോകുന്നവർ നിരന്തരം കേൾക്കേണ്ടിവരുന്നത് വൈബുകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്.
അമ്മായിയമ്മയ്ക്ക് മരുമോളെ കുറിച്ചുള്ള പരാതി നിസ്കരിക്കാത്തതോ, ഓറത്ത് മറക്കാത്തതോ, ജോലി ചെയ്യാത്തതോ, തന്നെ ഉമ്മ എന്ന് വിളിക്കാത്തതോ അല്ല; അതൊക്കെ ഓക്കെയാണ്. എങ്കിലും പരാതിയാണ്: കാലത്തെ അടുക്കളയിൽ എത്തുന്നില്ല, പുറത്ത് കല്യാണത്തിനോ മറ്റോ പോകുമ്പോൾ തന്റെ കൂടെ ഒട്ടിയിരിക്കുന്നില്ല, മകനായ ഭർത്താവിന്റെ കൂടെ സദാസമയവും ഒന്നിച്ചിരിക്കുന്നു, പുറത്തുപോകുന്ന കാര്യം നേരത്തെ പറയുന്നില്ല... ഇങ്ങനെയുള്ള പരാതികൾ. പിന്നെ മരുമകൾ കുളിക്കുന്നതും അലക്കുന്നത്തും മറ്റുമൊക്കെ നാം നിശ്ചയിക്കുന്ന സമയത്തല്ല, തോന്നിയതുപോലെയാണ്.
ഇതിനെക്കുറിച്ച് മരുമക്കളോട് ചോദിച്ചാൽ മരുമക്കൾക്ക് ഉത്തരമുണ്ട്: ‘തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത്? ഞാൻ അവരെ ഒരു വാക്കു കൊണ്ടുപോലും നോവിക്കുന്നില്ല, പിന്നെ എന്തിനാണ് അവർ എന്നെ ഉപദ്രവിക്കുന്നത്, ഇടപെടുന്നത്? അവർക്ക് വേണ്ട ബഹുമാനം ഞാൻ നൽകുന്നുണ്ട്, അവർ എന്തുകൊണ്ട് അത് മനസ്സിലാക്കുന്നില്ല?’
മധ്യസ്ഥന്മാർ മുമ്പ് മരുമക്കളോട് പറഞ്ഞിരുന്നത് ‘കുടുംബമല്ലേ, ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ’ എന്നാണ്. ഇപ്പോൾ ആ ഉപദേശം ഫലമില്ല, കൃത്യമായ മറുപടി ഉടനെ വരും: ‘എനിക്ക് വേണ്ടി ഉമ്മയും ഉമ്മയ്ക്ക് വേണ്ടി ഞാനും എന്തിന് അഡ്ജസ്റ്റ് ചെയ്ത് അസംതൃപ്തിയോടെ ജീവിക്കണം? പരസ്പരം ഉൾക്കൊണ്ടാൽ പോരേ? എന്റെ രീതി ഇങ്ങനെയാണ്, എനിക്ക് വേണ്ടി ഉമ്മയും ഉമ്മക്ക് വേണ്ടി ഞാനും മാറേണ്ടതില്ല.’
ദീനിനും സമൂഹത്തിനും വിരുദ്ധമായതൊന്നും ചൂണ്ടിക്കാണിക്കാൻ മധ്യസ്ഥന്റെ കയ്യിൽ ഒന്നും ഉണ്ടാവില്ല, പിന്നെ അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ.
ഭാര്യമാരുടെ പ്രായവും താല്പര്യവും മനസ്സിലാക്കി നല്ല നിലയിൽ ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു നബി (സ്വ). അല്ലാഹുവിലേക്ക് ഏറ്റവും അടുത്ത, വാനലോകത്തെ മഹാമലക്കായ ജിബ്രീലുമായി സംവദിക്കുന്ന, ഇരുലോക നേതാവായ നബി (സ്വ) തന്റെ ബാലികയായ പ്രിയ പത്നിയുമായി ഒത്തുകൂടുമ്പോൾ എത്ര മനോഹരമായിട്ടാണ് ആഇശ ബീവി (റ) യുടെ വൈബിലേക്ക് ഇറങ്ങിവന്നത്!
ഹബ്ശീനിയയിൽ നിന്നുള്ള ഒരു സംഘം ആളുകൾ മദീനയിൽ കുന്തമുപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുകയാണ്. ബാലികയായ പ്രിയ പത്നിയോട് ചോദിച്ചു: ‘ഏയ്, ചുവന്ന കൊച്ചു സുന്ദരി, നിനക്ക് ഇത് കാണാൻ താല്പര്യമുണ്ടോ?’ ആഇശ (റ) പറഞ്ഞു: ‘ഉണ്ട്.’ നബി (സ്വ) ആഇശ ബീവി (റ) യെ വാതിൽക്കലേക്ക് കൊണ്ടുപോയി.
‘ഞാൻ എന്റെ താടി നബി (സ്വ) യുടെ ചുമലിൽ വെച്ചു. എന്റെ മുഖം നബി (സ്വ) യുടെ മുഖത്തോട് ചേർത്തു. പിന്നെ ഞാൻ ആ കളി നോക്കിനിന്നു കണ്ടു. ‘മതിയായോ?’ എന്ന് നബി (സ്വ) ചോദിച്ചു. ആഇശ ബീവി (റ) പറഞ്ഞു: ‘ധൃതി കാണിക്കല്ലേ’. അതോടെ നബി (സ്വ) എനിക്ക് വേണ്ടി നിന്നു തന്നു.’
പിന്നെയും ഇത് ആവർത്തിച്ചു. ആഇശ (റ) പറയുന്നു: ‘എനിക്ക് കൂടുതൽ നേരം കാണാൻ ആഗ്രഹമുള്ളതുകൊണ്ടല്ല ഇങ്ങനെ നിന്നത്, നബി (സ്വ) യോട് പരമാവധി ചേർന്നുനിൽക്കാൻ വേണ്ടിയാണ്.’
ഇതുകൂടി വായിക്കൂ; ആഇശ ബീവി (റ) കുറച്ച് ഭക്ഷണവുമായി നബി (സ്വ) യുടെ അരികിലെത്തി. അവിടെ മറ്റൊരു ഭാര്യയായ സൗദ ബീവി (റ) യും ഉണ്ടായിരുന്നു. ആഇശ (റ) സൗദ ബീവി (റ) യോട് അത് തിന്നാൻ പറഞ്ഞു. ‘തിന്നില്ലെങ്കിൽ നിന്റെ മുഖത്ത് ഈ ഭക്ഷണം വെച്ച് തേക്കും’ എന്ന് പറഞ്ഞു. സൗദ ബീവി (റ) തിന്നാത്തതു കാരണം ഭക്ഷണം സൗദ ബീവി (റ) യുടെ വായിലേക്ക് വെച്ചുകൊടുത്തപ്പോൾ മുഖത്ത് പുരളുകയും ചെയ്തു. നബി (സ്വ) ആ വൈബിലേക്ക് വന്നു. നബി (സ്വ) ചിരിക്കുകയും സൗദ ബീവി (റ) യോട് ‘തിരിച്ചും നീ അതുപോലെ ചെയ്യൂ’ എന്ന് പറയുകയും ചെയ്യിക്കുകയും ചെയ്തു. ഇവരുടെ ഈ സ്നേഹവഴക്ക് കണ്ട് നബി (സ്വ) വീണ്ടും ചിരിച്ചു.
കുന്തം കൊണ്ടുള്ള കളി കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ആഇശ ബീവി (റ) യോട് ആ സമയത്ത് ദിക്ർ ചൊല്ലാനും, തമാശ കാണിച്ച ആഇശ ബീവി (റ) യെ വിലക്കാനും നബി (സ്വ) തയ്യാറായില്ല. നബി (സ്വ) യുടെ ഈ ജീവിതമാതൃക ഉൾക്കൊണ്ട് തന്റെ ഇണക്ക് ഏറ്റവും പ്രിയങ്കരമായ രീതിയിൽ ജീവിക്കാനാണ് ദമ്പതിമാർ ശ്രമിക്കേണ്ടത്. അപ്പോൾ വൈബ് യോജിക്കും, ജീവിതം മനോഹരമാകാം. നാഥൻ നമ്മുടെ ദാമ്പത്യം സന്തോഷകരമാക്കട്ടെ! ആമീൻ.
- #marriage
- #compatibility
- #family
- #Prophetic_example
- #relationships