ഗുഹയിലെ യുവാക്കൾ മൂന്നു നൂറ്റാണ്ടുകൾക്ക് ശേഷം ഉണർന്നപ്പോൾ
അല്ലാഹു അസ്ഹാബുൽ കഹ്ഫിന്റെ അത്ഭുത ജീവിതം ജനങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യാൻ ഉദ്ദേശിച്ചപ്പോൾ അവർ ഉണർന്നു. തുടർന്നുള്ള സംഭവങ്ങൾ അല്ലാഹു തന്നെ വിവരിക്കുന്നു:
‘അവരുടെ ഉറക്കം ആശ്ചര്യകരമായത് പോലെത്തന്നെ (അത്ഭുതകരമായ രീതിയിൽ) - അവർ അന്യോന്യം ചോദ്യം നടത്തുവാൻ തക്കവണ്ണം - നാം അവരെ ഉണർത്തുകയും ചെയ്തു. (ഉണർന്ന ഉടനെ) അവരിൽ ഒരാൾ ചോദിച്ചു: നിങ്ങൾ എത്രനാൾ ഉറങ്ങിയിട്ടുണ്ടാവും? അവരിൽ ഒരു കൂട്ടർ പറഞ്ഞു: നാം ഒരു ദിവസം മുഴുവൻ ഉറങ്ങിയിട്ടുണ്ടാവും അല്ലെങ്കിൽ ഒരു ദിവസത്തിന്റെ ഏതാനും ഭാഗം. മറ്റുള്ളവർ പറഞ്ഞു: നിങ്ങളുടെ റബ്ബിന് ഏറ്റവും അറിയാം നിങ്ങൾ എത്ര നാൾ ഉറങ്ങിയെന്ന്, (അതെന്തുമാകട്ടെ: നമുക്ക് ഇപ്പോൾ ഭക്ഷണമാണ് ആവശ്യം, ഈ വെള്ളിനാണയവുമായി നിങ്ങളിൽ ഒരാൾ പട്ടണത്തിലേക്ക് പോകണം). നിങ്ങൾ ഒരാളെ പട്ടണത്തിലേക്ക് അയക്കുക, അയാൾ ഏറ്റവും നല്ല ഭക്ഷണം വാങ്ങിക്കൊണ്ടു വരണം. (പക്ഷേ പോകുന്നയാൾ വളരെയേറെ ശ്രദ്ധിക്കണം, നഗരവാസികളുമായി ഇടപെടുമ്പോൾ) വളരെ മാന്യമായ രീതിയിൽ സംസാരിക്കണം. നിങ്ങൾ ആരാണെന്ന് അവർക്ക് ഒരു കാരണവശാലും മനസ്സിലാവരുത്. നിങ്ങൾ ആരാണെന്ന് അവർക്ക് മനസ്സിലായാൽ അവർ നിങ്ങളെ എറിഞ്ഞുകൊല്ലും; അല്ലെങ്കിൽ അവർ നിങ്ങളെ അവരുടെ മതത്തിലേക്ക് നിർബന്ധ മത പരിവർത്തനം ചെയ്യിക്കും, അങ്ങനെയെങ്ങാനും സംഭവിച്ചാൽ നിങ്ങൾ ഒരിക്കലും വിജയിക്കുകയില്ല’ (അൽ കഹ്ഫ്: 19-20)
അത്ഭുതകരമായ ഉറക്കവും ഉണർച്ചയും
ഗുഹാമുഖത്ത് നിന്ന് അവരെ ആരെങ്കിലും എത്തിനോക്കിയാൽ പേടിച്ചു പിന്തിരിഞ്ഞോടും എന്ന് അല്ലാഹു പറയുന്നതിനെക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു: “അവർ കണ്ണുതുറന്നു കിടന്ന് ഉറങ്ങിയത് കൊണ്ട് മാത്രമല്ല; പ്രത്യുത അവരുടെ മുഖത്ത് നിന്ന് വല്ലാത്തൊരു പ്രഭാപൂരം പ്രസരിച്ചിരുന്നു! നോക്കുന്നവർക്ക് വീണ്ടും നോക്കാൻ കഴിയാത്ത വിധത്തിലുള്ള സൂര്യതേജസ്!”
ഇതുപോലെ ശക്തിതാർന്ന പ്രകാശരേണുക്കൾ കലീമുല്ലാഹി മൂസാ (അ) ന്റെ വലതു കൈപ്പത്തിയിൽ നിന്ന് പ്രസരിച്ചതായി ഖുർആൻ പറഞ്ഞിട്ടുണ്ട്. ഫറോവ ചക്രവർത്തിയും കൊട്ടാരവാസികളും ആ മിന്നൽ പ്രളയത്തിൽ പേടിച്ചു വിറച്ച സംഭവം ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തു ത്വാഹാ: 22, സൂറത്തുൽ ഖസ്വസ്വ്: 32)
ആത്മീയ ആഹാരവും ഭൗതിക ഭക്ഷണവും
അന്നപാനീയങ്ങൾ കൂടാതെ അനേകം വർഷം ഉറങ്ങുന്നത് അത്ഭുതകരമായ സംഭവമാണല്ലോ?. അതുപോലെ അവർ ഉണർന്നപ്പോൾ അവരുടെ നഖവും താടിയും മുടിയും നീണ്ടു വളർന്ന് അവരുടെ രൂപം വികൃതമായിരുന്നില്ല. എന്തിനേറെ അവരുടെ വസ്ത്രത്തിന്റെ ഒരു തുല്ല്യം പോലും പഴകി ദ്രവിച്ച് പോയിരുന്നില്ല. മൂന്ന് നൂറ്റാണ്ടുകാലം അവർ ഉറക്കത്തിലായിരുന്നിട്ടും അവർക്ക് ഉറക്കക്ഷീണം തോന്നിയതുമില്ല!
300 വർഷത്തോളം അവർ അല്ലാഹുവിങ്കൽ നിന്ന് ആഹരിച്ചിരുന്നത് ആത്മീയ ഭക്ഷണമായിരുന്നു എന്ന് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ഉപോൽബലകമായി അവർ ചൂണ്ടിക്കാട്ടുന്നത് റസൂലുല്ലാഹി (സ്വ) തങ്ങളുടെ അസാധാരണ നോമ്പിനെ കുറിച്ചാണ്. ഇടതടവില്ലാതെ രാവും പകലും നബി (സ്വ) വ്രതമനുഷ്ഠിക്കുന്നത് കണ്ടപ്പോൾ സ്വഹാബി വൃന്ദത്തിൽ ചിലർ അപ്രകാരം വ്രതമനുഷ്ഠിക്കാൻ തുടങ്ങി. നബി തിരുമേനി (സ്വ) അറിഞ്ഞപ്പോൾ അവിടുന്ന് അതിൽനിന്ന് അവരെ തടഞ്ഞു. അപ്പോൾ അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! താങ്കൾ അങ്ങനെ നോമ്പ് അനുഷ്ഠിക്കാറുണ്ടല്ലോ!?
‘അതെ, ഞാൻ അങ്ങനെ വ്രതം അനുഷ്ഠിക്കാറുണ്ട്. പക്ഷേ, ഞാൻ നിങ്ങളിൽ ആരെയും പോലെയല്ല. നിങ്ങളുടെ പ്രകൃതമല്ല എന്റേത്. (അവിടുന്ന് ബാഹ്യമായി മനുഷ്യപ്രകൃതത്തിലും ആന്തരികമായി മാലാഖമാരേക്കാൾ ഉയർന്ന പ്രകൃതിയിലുമാണ് എന്ന് വ്യംഗ്യം) ഞാൻ രാത്രിയിൽ എന്റെ റബ്ബിന്റെ സന്നിധിയിലാണ്; എന്റെ റബ്ബ് എനിക്ക് അന്ന പാനീയങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു’ (ബുഖാരി, മുസ്ലിം). റസൂലുല്ലാഹി (സ്വ) തങ്ങൾക്ക് അഭൗതികമായ രീതിയിൽ ആഹാര പാനീയങ്ങൾ ലഭിച്ചിരുന്നത് പോലെ അസ്ഹാബുൽ കഹ്ഫിനും ലഭിച്ചിരുന്നു എന്ന് സാരം. (റൂഹുൽ ബയാൻ- 5:230)
പഴയ വെള്ളിനാണയവുമായി പട്ടണത്തിൽ ചെന്നപ്പോൾ
ഉറക്കം ഉണർന്നപ്പോൾ അവർ തികച്ചും ഭൗതിക ലോകത്തേക്ക് മടങ്ങിയെത്തി. അവർക്ക് വിശപ്പും ദാഹവും അനുഭവപ്പെട്ടു. നാടു വിട്ടു പോരുമ്പോൾ വീടുകളിൽ നിന്ന് ശേഖരിച്ചിരുന്ന വെള്ളി നാണയങ്ങളിൽ ഒന്നാണ് നഗരത്തിലേക്ക് കൊടുത്തുവിട്ടത്. ആഹാരം വാങ്ങാൻ അങ്ങാടിയിലേക്ക് പോകുന്ന തംലീഖക്ക് അവരുടെ നേതാവ് നൽകുന്നത് വളരെ പ്രധാനപ്പെട്ട രണ്ട് നിർദ്ദേശങ്ങളാണ്. ആ ഉപദേശങ്ങൾക്ക് ഇന്നും വളരെയേറെ പ്രസക്തിയുണ്ട്: വ്യത്യസ്തരായ മതവിശ്വാസികൾ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന ഒരു നഗരത്തിൽ നാം ചെന്ന് ഭക്ഷണം അന്വേഷിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്.
അതിലൊന്ന് ഹലാലായ ഭക്ഷണം എവിടെ കിട്ടും എന്ന് അന്വേഷിക്കലാണ്, ആ ഭക്ഷണം വിലക്കുറവുള്ളതും, ആരോഗ്യ ദായകവുമായിരിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഭക്ഷണം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്. രണ്ടാമത് അപരിചിതരായ നാട്ടുകാരുടെ ഇടയിൽ ചെന്നു സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും വളരെ മാന്യമായ രീതിയിലുള്ള സംസാരവും പെരുമാറ്റവും അനിവാര്യമാണ് എന്നാണ്.
തംലീഖാ വെള്ളിനാണയവുമായി നഗരത്തിലെത്തി. കൗതുക ദൃഷ്ടിയോടെ പരിസരം മുഴുവൻ പരിശോധിച്ചു. അദ്ദേഹം അത്ഭുതപ്പെട്ടു. എങ്ങും അല്ലാഹുവിന്റെ നാമം അനുസ്മരിക്കപ്പെടുന്നു! പല വ്യാപാര സ്ഥാപനങ്ങളിലും ‘ലാ ഇലാഹ ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ്’ എന്നും മറ്റു ചില വ്യാപാര സ്ഥാപനങ്ങളിൽ ‘ലാഇലാഹ ഇല്ലല്ലാഹ് ഈസാ റൂഹുല്ലാഹ്’ എന്നും മനോഹരമായ രീതിയിൽ എഴുതി വച്ചിരിക്കുന്നു! വിഗ്രഹ രൂപങ്ങൾ ചാർത്തിയ ചില കടകളും ഇടയ്ക്കിടെ കാണുന്നുണ്ട്. ഏത് നഗരത്തിലാണ് ഞാൻ വന്നു പെട്ടിട്ടുള്ളത്? നേരത്തെ താൻ വന്ന് ഭക്ഷണം വാങ്ങിക്കൊണ്ടു പോയ അങ്ങാടി അല്ലേ ഇത്. ഇനി ഞാൻ സ്വപ്നം കാണുകയാണോ; കണ്ണുകൾ ഒന്ന് തിരുമ്മി തുറന്നുനോക്കി. അല്ല, ഉറങ്ങുകയല്ല.
ഹലാലായ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായ ഒരു ഭക്ഷണശാലയിൽ കയറി തംലീഖ ഏഴുപേർക്കുള്ള ആഹാരങ്ങൾ വാങ്ങി, കയ്യിലിരുന്ന വെള്ളിനാണയം കടയുടമക്ക് നൽകി. അയാൾ ആ നാണയം തിരിച്ചും മറിച്ചും നോക്കി. കാരണം ആ സമയത്ത് നാട് ഭരിച്ചിരുന്ന രാജാവിന്റെ തലയല്ല ആ വെള്ളിനാണയത്തിൽ കൊത്തി വെച്ചിട്ടുള്ളത്. അയാൾ ആ നാണയവുമായി തൊട്ടടുത്ത കടക്കാരന്റെ അടുത്തേക്ക് പോയി. അവരുടെ കയ്യിലിരുന്ന നാണയം കാണാൻ നാട്ടുകാരിൽ പലരും ചുറ്റും കൂടി. അവരിൽ ഒരാൾ പറഞ്ഞു 300 കൊല്ലം മുമ്പ് ഈ നാട് ഭരിച്ചിരുന്ന ദഖ്യാനൂസ് രാജാവിന്റെ ചിത്രമാണ്. ഈ നാണയത്തിൽ മുദ്രണം ചെയ്തിട്ടുള്ളത്. ‘അക്കാലത്ത് ആരോ കുഴിച്ചിട്ട നിധികുംഭം ഇയാൾക്ക് കിട്ടിയതാവണം’. അവരിൽ ഒരാൾ വിളിച്ചു പറഞ്ഞു. അവർ എല്ലാവരും കൂടി തംലീഖായെ വളഞ്ഞു. അദ്ദേഹം ആദ്യം ആകെ ഒന്ന് പതറി. പിന്നീട് എല്ലാ സത്യവും തുറന്നു പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകൾ അവർ മുഖവിലക്കെടുത്തില്ല. അവർ അദ്ദേഹത്തെ രാജാവിന്റെ മുന്നിൽ ഹാജരാക്കി. പറഞ്ഞ കാര്യങ്ങളെല്ലാം രാജാവ് സശ്രദ്ധം കേട്ടു. തംലീഖയെ തന്റെ രണ്ട് ഉദ്യോഗസ്ഥരോടൊപ്പം ഗുഹയിലേക്കയച്ചു. തംലീഖ ആദ്യം ഗുഹയ്ക്കുള്ളിൽ കയറി കൂട്ടുകാരോട് വിവരം പറഞ്ഞു. പിന്നാലെ ഉദ്യോഗസ്ഥന്മാർ കയറി ഗുഹയിൽ ഉണ്ടായിരുന്ന മറ്റുള്ളവരുമായി സംസാരിച്ചു. ഗുഹയുടെ അന്തർഭാഗം മുഴുവൻ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോഴതാ തകർന്നു കിടക്കുന്ന കരിങ്കൽ ഭിത്തിയുടെ ഇടയിൽ ഒരു ചെമ്പ് പെട്ടി! നിധി കുംഭം കിട്ടിയ സന്തോഷത്തോടെ അവർ ആ ചെമ്പുപെട്ടി തുറന്നു. പക്ഷേ, അതിൽ നിന്ന് കിട്ടിയത് ഏഴ് ഈയ തകിടുകൾ മാത്രം. ഏഴ് യുവാക്കളുടെയും അവരുടെ കുടുംബക്കാരുടെയും പൂർണ്ണ വിവരങ്ങളും, യുവാക്കൾ നാടുവിട്ട് വന്ന് ഗുഹയിൽ അകപ്പെട്ട കഥയും അതിൽ രേഖപ്പെടുത്തിയിരുന്നു. അത് വായിച്ച് അവർ അത്ഭുതപ്പെട്ടു. ചരിത്ര പേടകവുമായി അവർ കൊട്ടാരത്തിൽ എത്തി. രാജാവിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
അല്ലാഹു പറയുന്നു: “ഇപ്രകാരം നാം അവരെ നാട്ടുകാർക്ക് കാണിച്ചു കൊടുത്തു, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും അന്ത്യദിനം ആഗതമാകാനുള്ളത് തന്നെയാണെന്നും അവർ അറിയാൻ വേണ്ടി” (അൽ കഹ്ഫ്: 21)
പുനർജന്മത്തിന് അടയാളം തേടിയ രാജാവ്
യുവാക്കൾ ഉറക്കമുണരുമ്പോൾ പഴയ നഗരത്തിന്റെ പേര് എഫെസ്യൂസ് എന്നായി മാറിയിരുന്നു. നാല് തലമുറകൾ കടന്നു പോയിരുന്നു. അപ്പോഴേക്കും തൂന്തൂസ് എന്ന് പേരുള്ള രാജാവ് നാട് ഭരിക്കാൻ തുടങ്ങിയിട്ട് 68 വർഷങ്ങൾ കഴിഞ്ഞിരുന്നു. അദ്ദേഹം സത്യവിശ്വാസിയായ ക്രിസ്ത്യാനിയായിരുന്നു. അവിടെ ഈസവികളും, മൂസവികളും, മുശ്രിക്കുകളും എല്ലാവിധ മതസ്വാതന്ത്ര്യത്തോടെയും കഴിഞ്ഞു കൂടിയിരുന്നു. പക്ഷേ, അവരിൽ അധികം ആളുകൾക്കും പരലോക ജീവിതം ഒരു പ്രശ്നമായിരുന്നില്ല. കാരണം പുനർജന്മത്തിൽ അവർക്കാർക്കും വിശ്വാസം ഉണ്ടായിരുന്നില്ല. ജൂത ക്രൈസ്തവ പുരോഹിതന്മാർക്ക് പോലും ഖിയാമത്ത് നാളിനെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പുനരുത്ഥാന ദിവസത്തെയും പ്രതിഫലം നൽകപ്പെടുന്ന അന്ത്യദിനത്തെയും അവഗണിച്ചുകൊണ്ടാണ് അവർ ജീവിച്ചിരുന്നത്. കണക്ക് ചോദിക്കപ്പെടുന്ന ഒരു ദിവസം വരാനുണ്ട് എന്ന വിശ്വാസം വളരെ കുറച്ചുപേർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരലോക ജീവിത വിശ്വാസം ഇല്ലാത്ത ഒരു സമൂഹം ധാർമിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ആ നാട്ടിൽ അധാർമികത്വം അരങ്ങ് തകർത്തിരുന്നു. തൂന്തൂസ് രാജാവ് അക്കാര്യത്തിൽ അതീവ ദുഃഖിതനായിരുന്നു. അനേക നൂറ്റാണ്ട് കാലമായി ഒരു ദൃഷ്ടാന്തം കാണിച്ചു തരാൻ അല്ലാഹുവിനോട് ദുആ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പുനരുദ്ധാരണ ദിനത്തെ കുറിച്ചുള്ള വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കാൻ ജൂത ക്രൈസ്തവ പണ്ഡിതന്മാർക്കിടയിൽ അദ്ദേഹം സംവാദങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പക്ഷേ അവർക്ക് പോലും വിഷയം വേണ്ടവിധം സമർത്ഥിക്കാൻ തെളിവുകൾ ഉണ്ടായില്ല. ഇത്തരം ഒരു സന്ദർഭത്തിലാണ് മൂന്ന് നൂറ്റാണ്ടുകാലം ഗുഹയിൽ ഉറങ്ങിയ ശേഷം ഉണർന്ന യുവാക്കൾ പുനർജന്മത്തിന്റെ ഏറ്റവും വലിയ തെളിവായി അവർക്ക് മുന്നിൽ വന്നു നിൽക്കുന്നത്! അനേക നൂറ്റാണ്ട് കാലമായി അല്ലാഹുവിനോട് പ്രാർത്ഥിച്ചതിന്റെ ഫലം ഇതാ കണ്ടെത്തിയിരിക്കുന്നു! അദ്ദേഹം അല്ലാഹുവിനെ അതിയായി സ്തുതിച്ചു സുജൂദിൽ വീണു.
ഔലിയാക്കളെ ആദരിക്കാൻ രാജാവ് എത്തുന്നു
ഭരണാധിപൻ പരിവാരസമേതം അഞ്ചലോസ് മലയുടെ അടിവാരത്തിൽ എത്തി. ഗുഹയിൽ പ്രവേശിച്ചു. ഏഴ് യുവാക്കളെയും അദ്ദേഹം മാറിമാറി ആലിംഗനം ചെയ്തു. അവർ രാജാവിന്റെ തലയിൽ കൈവെച്ച് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. ജിന്നുകളിലും ഇൻസുകളിലും പെട്ട എല്ലാവിധ ശത്രുക്കളുടെയും ഉപദ്രവത്തിൽ നിന്ന് ഭരണാധിപനെ കാത്തുരക്ഷിക്കണേ എന്ന് അവർ ആത്മാർത്ഥമായി ദുആ ചെയ്തു. ഗുഹാമുഖത്ത് നാട്ടുകാർ തടിച്ചു കൂടി. അല്ലാഹുവിന്റെ അപാരമായ സഹായം ലഭിച്ച പുണ്യാത്മാക്കളെ അവർ നേരിൽക്കണ്ട് നിർവൃതിയടഞ്ഞു. നാലു തലമുറകൾക്ക് മുമ്പ് നാടുവിട്ടുപോയ ഒരു സമൂഹമാണ് നമ്മുടെ മുന്നിൽ നിൽക്കുന്നത് എന്ന് ബോധ്യമായപ്പോൾ ഉയിർത്തെഴുന്നേൽപ്പു നാളിൽ അവരിൽ പലരും വിശ്വസിച്ചു.
രാജാവ് തന്റെ രാജകീയമായ അംഗ വസ്ത്രം അഴിച്ചെടുത്ത് അവർ ഉറങ്ങി കിടന്നിരുന്ന സ്ഥലത്ത് വിരിച്ചുകൊടുത്തു. ആ വിരിപ്പിൽ വിശ്രമിച്ചുകൊള്ളാൻ രാജാവ് പറഞ്ഞു. അവർ ഏഴുപേരും രാജാവിന്റെ അംഗ വസ്ത്രത്തിൽ കിടന്നു. രാജാവ് പിന്തിരിഞ്ഞു നടക്കവേ അവർ ഏഴുപേരുടെയും അധരങ്ങളിൽ നിന്ന് ശഹാദത്ത് കലിമയുടെ മന്ത്രമുയർന്നു. അദ്ദേഹം തിരിഞ്ഞു നോക്കി. അതെ അല്ലാഹു അവരെ അനന്ത ശയനത്തിലേക്ക് ആനയിച്ചു കൊണ്ടുപോയി. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
ഏഴ് സ്വർണ്ണ പെട്ടികളിൽ അവരെ അടക്കം ചെയ്യാൻ കൽപ്പിച്ചുകൊണ്ട് രാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി. ഗുഹയ്ക്കുള്ളിൽ പാറ തുരന്ന് ഏഴ് സ്വർണ്ണപ്പെട്ടികളിലാക്കി അവരെ മറവു ചെയ്തു.
അന്ന് രാത്രി രാജാവ് അവരെ സ്വപ്നം കണ്ടു. അവർ പറഞ്ഞു: പൊന്നുതിരുമേനി! ഞങ്ങളെ സ്വർണ്ണം കൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കപ്പെട്ടവരല്ല; മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ്. ഖിയാമം നാൾ വരെ മണ്ണിൽ കിടക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. മഹാരാജാവും പരിവാരങ്ങളും വീണ്ടും ഗുഹാമുഖത്ത് എത്തി. ഖബ്റിൽ നിന്നും അവരുടെ പുണ്യ ശരീരങ്ങൾ പുറത്തെടുത്തു മണ്ണിൽ മറവു ചെയ്തു. ഈ ഔലിയാക്കളുടെ ഖബ്റിടങ്ങൾ സംരക്ഷിക്കാൻ നാം എന്തെങ്കിലും ചെയ്തേ പറ്റൂ രാജാവ് പരിവാരങ്ങളുമായി കൂടി ആലോചിച്ചു.
മതിലോ മസ്ജിദോ സ്മാരക മന്ദിരമോ?
ഔലിയാക്കളുടെ ഖബ്റുകൾ സന്ദർശകർ അലങ്കോലപ്പെടുത്താതിരിക്കാനും, അവരുടെ സ്മരണ എന്നെന്നും നിലനിർത്താനും ഗുഹാമുഖത്ത് ഒരു മതിൽ പണിയാം എന്ന് ചിലർ അഭിപ്രായപ്പെട്ടു. ഈ സാത്വികരുടെ ഓർമ്മ നിലനിർത്താൻ ഗുഹാമുഖത്ത് ഒരു സ്മാരക മന്ദിരം പണിയാമെന്ന് മറ്റു ചിലർ. അവിടെ ഒരു മസ്ജിദ് പണിയാം എന്ന അഭിപ്രായവും രൂപപ്പെട്ടു. രാജാവിന്റെ പിന്തുണയുള്ള ആ പ്രബല സമൂഹത്തിന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. അവിടെ ഒരു മസ്ജിദ് ഉയർന്നു.
لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا لِيُصَلِّيَ فِيهِ الْمُسْلِمُونَ وَيَتَبَرَّكُونَ بِمَكَانِهِمْ (تفسير المنير-8/247)
വിശുദ്ധ ഖുർആനിന്റെ ആധുനിക വ്യാഖ്യാതാക്കളിൽ ഒരാളായ ഡോ.സുഹൈലി എഴുതിയത്: ‘നിശ്ചയമായും നമുക്ക് ഗുഹാമുഖത്ത് ഒരു പള്ളി പണിയാം. അവിടെ വരുന്ന മുസ്ലിംകൾ ആ പള്ളിയിൽ നിസ്കരിക്കുകയും ഔലിയാക്കളുടെ ബറക്കത്ത് എടുക്കുകയും ചെയ്തുകൊള്ളും’ (തഫ്സീറുൽ മുനീർ-8:247)
‘പിന്നീട് ഗുഹാമുഖത്ത് ഒരു പള്ളി നിർമ്മിക്കുവാനും അതുകൊണ്ട് ഗുഹാമുഖം അടക്കുവാനും കൊല്ലത്തിലൊരിക്കൽ അവിടെ എല്ലാവരും ഒരുമിച്ചു കൂടി ഒരു സുദിനമായി കൊണ്ടാടുവാനും രാജാവ് കൽപ്പന കൊടുത്തു. ഇതാണ് ഗുഹാവാസികളുടെ ചരിത്രസംക്ഷേപം’ (ഫത്ഹുർറഹ്മാൻ ഫീ തഫ്സീരിൽ ഖുർആൻ 3/19)
ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ഒരു മലയുടെ മുകളിൽ ആ പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. ഇപ്പോൾ ഗുഹയുടെ പരിസരത്ത് കാണുന്ന ‘മസ്ജിദ് അസ്ഹാബിൽ കഹ്ഫ്’ പിൽക്കാലത്ത് അമവി ഭരണാധികാരി അബ്ദുൽ മലിക് ബിൻ മർവാൻ പണി കഴിപ്പിച്ചിട്ടുള്ളതും; പിന്നീട് വന്ന പല ഭരണാധികാരികളും പുതുക്കിപ്പണിയുകയും രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുള്ളതാണ്.
അടുത്തകാലത്ത് ജോർദാനിലെ ഭരണാധികാരി അബ്ദുള്ള രണ്ടാമൻ ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ധാരാളം നവീകരണ പ്രവർത്തനങ്ങൾ അവിടെ നടത്തുകയുണ്ടായി.
അഞ്ചാം നൂറ്റാണ്ട് മുതൽ ലോകത്തിന്റെ പലഭാഗത്തും അസ്ഹാബുൽ കഹ്ഫിന്റെ ചരിത്രം തേടി പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്. ജോർദാനിലും സിറിയയിലും കച്ചവടത്തിനായി പോയിരുന്ന പൗരാണികരായ അറബികൾക്കിടയിലും ഗുഹാവാസികളുടെ ചരിത്രം പ്രചരിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാരനായ ഗവേഷകനും Seven Sleepers എന്ന പേരിൽ അവരുടെ ചരിത്രം എഴുതിയിട്ടുണ്ട്.
മരണാനന്തര ജീവിതത്തിന് ഉയിർത്തെഴുന്നേൽപ്പിന് ഉത്തമ ദൃഷ്ടാന്തമായല്ല ഖുർആൻ ഈ ചരിത്രം വിവരിക്കുന്നത്. ഖുറൈശികൾ നബിയെ ഉത്തരം മുട്ടിക്കാൻ വേണ്ടി ചില ചോദ്യങ്ങൾ ചോദിക്കുന്നു; ജൂതന്മാർ പറഞ്ഞുകൊടുത്ത ആ ചോദ്യങ്ങളുടെ മറുപടി ആയിട്ടാണ് ഖുർആൻ ഈ സംഭവം വിവരിക്കുന്നത്. മരണാനന്തര ജീവിതത്തെ കുറിച്ച് മനുഷ്യർക്ക് ബോധ്യം വരുത്തുന്ന വളരെയേറെ ദൃഷ്ടാന്തങ്ങൾ ഖുർആൻ പലയിടത്തായി വിവരിച്ചിട്ടുണ്ട്. അവയിൽ ഒന്നുമാത്രം ഉദ്ധരിക്കാം:
“വരണ്ടുണങ്ങിയ ഊഷര ഭൂമി തീർച്ചയായും താങ്കൾ കാണുന്നുണ്ടല്ലോ അതിൽ നാം ജലം വർഷിക്കുമ്പോൾ അതു കുളിരണിയുന്നു, അതിൽ മരിച്ചുകിടന്ന പുൽച്ചെടികൾ വളർന്നു വലുതാവുന്നു!
ഇത് ഉയിർത്തെഴുന്നേൽപ്പു നാളിന് അല്ലാഹുവിന്റെ അത്ഭുതകരമായ അടയാളമാണ്.
മൃത ഭൂമിയെ ജീവിപ്പിക്കുന്നവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്. തീർച്ചയായും അല്ലാഹു എന്തിനും കഴിവുള്ളവൻ തന്നെ.”
(സൂറത്തുൽ ഫുസ്സിലത്: 39)
(തുടരും)
- #Ashab_al_Kahf
- #Islamic_history
- #resurrection
- #Mawlid
- #remembrance